09 June
വേങ്ങര: കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നൽകി വാട്സാപ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയായി. പുതിയ അപ്ഡേറ്റ് വന്നതോടെ വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വിവിധ ഘട്ടങ്ങളിലായി ലഭ്യമായി തുടങ്ങി.
ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിപ്പിച്ചു. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.
ഗ്രൂപ്പിലെ അംഗങ്ങൾ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താൽ അതു ഡിലീറ്റ് ചെയ്യാൻ അഡ്മിൻ അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജിൽ അമർത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാം.
2 ജിബി വരെ വലുപ്പമുള്ള ഫയലുകൾ ഒറ്റത്തവണ അയയ്ക്കാം. നിലവിൽ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂർണമായി അയയ്ക്കാനാവും. വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്ന ടെലിഗ്രാം മെസഞ്ചർ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് വാട്സാപ്പിലെ മാറ്റം.
വാട്ട്സാപ് ഗ്രൂപ്പുകളുടെ എണ്ണത്തിന് പ്രസക്തിയില്ലാതായി, ഗ്രൂപ്പിൽ ഇനി 512 പേർ*
nattuvartha korangad