പരിസ്ഥിതി പ്രവൃത്തി സൂചികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് അവസാന സ്ഥാനം

ദില്ലി:ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഏറ്റവും പിന്നിലായി ഇന്ത്യ. 180 രാജ്യങ്ങളിൽ 180ാം സ്ഥാനത്താണ് ഇന്ത്യ. പട്ടികയിൽ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ഇന്ത്യ സ്വന്തമാക്കിയത്. എല്ലാ രാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കിയതിൽ ഏറ്റവും പുറകിലാണ് ഇന്ത്യ എന്നാണ് ഇപിഐ പറയുന്നത്. 2012 ല്‍ 19.5 പോയിന്റുമായി 179ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. എന്നാൽ പത്ത് വർഷം കൊണ്ട് .6 പോയിന്റ് കുറഞ്ഞാണ് അവസാനത്തെ സ്ഥാനത്തെത്തിയത്. 2020-ല്‍ 168ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ 2021ല്‍ 177ാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി പ്രവൃത്തി സൂചിക തിട്ടപ്പെടുത്തുന്നത്. ഒരു രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ചൈതന്യം, ആരോഗ്യം എന്നീ ഘടകങ്ങളെ ആസ്പദമാക്കിയാണ് സ്‌കോറുകൾ കണക്കാക്കുന്നത്. ഡെന്‍മാര്‍ക്ക്, യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ളത്. ആദ്യ പത്ത് സ്ഥാനത്തുള്ളവർ 77 മുതല്‍ 65 വരെ സ്കോറുകളാണ് നേടിയിട്ടുള്ളത്. എന്നാൽ അവസാന സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യയുടെ സ്‌കോർ 18 പോയിന്റ് ആണ്. വായു മലിനീകരണം, പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുതല്‍മുടക്ക്, ജല മലിനീകരണം, പരിഗണന ഇവയും പരിസ്ഥിതി പ്രവൃത്തി സൂചിക തയ്യാറാക്കുന്നതിൽ പരിഗണിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക 34.7 പോയിന്റും പാക്‌സ്താന്‍ 24.6 പോയിന്റും ബംഗ്ലാദേശ് 23.1 പോയിന്റുമാണ് കരസ്ഥമാക്കിയത്. ലോക ശരാശരിയേക്കാള്‍ താഴെയാണ് പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ ഇന്ത്യയുടെ സ്ഥാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലിനജല സംസ്‌കരണത്തിൽ 2 പോയിന്റുമായി 112ാം സ്ഥാനവും കാലാവസ്ഥാ നയത്തില്‍ 21 പോയിന്റ് മാത്രം നേടി 165ാം സ്ഥാനവും പുല്‍മേടുകളുടെ നഷ്ടത്തില്‍ 35 പോയിന്റുമായി 116ാം സ്ഥാനവും മരങ്ങളുടെ നഷ്ടത്തില്‍ 17.20 പോയിന്റുമായി 75ാം സ്ഥാനവുമാണ് ഇന്ത്യയ്ക്കുള്ളത്.

facebook

വളരെ പുതിയ വളരെ പഴയ