നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവുകൾ പിൻവലിക്കും. തിങ്കളാഴ്ച്ചയോടെ വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവുകളെല്ലാം പിൻവലിക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. നവകേരളാ സദസിനായി വിദ്യാർഥികളെ വെയിലത്ത് നിർത്തിയതടക്കം വിവാദമായ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവുകളെല്ലാം പിൻവലിക്കാനുള്ള സർക്കാർ നീക്കം. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥരുടെ നടപടികൾ ചോദ്യം ചെയ്‌ത് കാസർഗോഡ് സ്വദേശി ഫിലിപ്പ് ജോസഫ് നൽകിയ ഉപഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. നവകേരള സദസ്സിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുൾപ്പെടെ പിൻവലിക്കുമെന്നാണ് സർക്കാർ കോടതിയിൽ ഉറപ്പ് നൽകിയിട്ടുള്ളത്.