താമരശ്ശേരി പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പ്രമുഖ പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകനുമായ അഷ്റഫ് താമരശ്ശേരി, പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോയ തങ്ങള്‍ ഹോസ്പിസ്(പി.ടി.എച്ച്) താമരശ്ശേരി യൂണിറ്റിന്‍റെ ബ്രാന്‍റ് അംബാസഡറാവും. യു.എ.ഇ കേന്ദ്രീകരിച്ച് കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകനാണ് അഷ്റഫ് താമരശ്ശേരി. വിദേശത്ത് മരണപ്പെടുന്ന പ്രവാസികളെ നാട്ടിലേക്ക് കയറ്റി അയക്കുന്നതിനുള്ള നിയമ നടപടികളും മറ്റു നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അഷ്റഫ് താമരശ്ശേരി പ്രധാനമായി നേതത്വം നല്‍കി വരുന്നത്. രണ്ടായിരത്തി അയ്യൂറില്‍പ്പരം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കയറ്റി അയക്കുന്നതിന് അഷ്റഫ് താമരശ്ശേരി നേതൃത്വം നല്‍കിയിട്ടുണ്ട്. കിടപ്പു രോഗികളെ വീടുകളില്‍ ചെന്ന് പരിചരിക്കുന്നതിനായി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ച സാന്ത്വന പരിചരണ വിഭാഗമാണ് പി.ടി.എച്ച്. നിലവില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ള നൂറ്റമ്പതിൽപ്പരം കിടപ്പു രോഗികളെ താമരശ്ശേരി പി.ടി.എച്ച് പരിചരിച്ചു വരുന്നുണ്ട്. രണ്ട് നഴ്സിംഗ് സ്റ്റാഫുകളുടെയും പരിശീലനം പൂര്‍ത്തിയാക്കിയ പാലിയേറ്റീവ് വളണ്ടിയര്‍മാരുടെയും നേതൃത്വത്തിലാണ് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.
താമരശ്ശേരി പി.ടി.എച്ചിന്‍റെ പ്രവര്‍ത്തനങ്ങളോടൊപ്പം ഇനി അഷ്റഫ് താമരശ്ശേരിയുമുണ്ടാവും. ഇത് ഏറെ ആശ്വാസകരമായ കാര്യമാണെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ്, പി.ടി.എച്ച് ഭാരവാഹികൾ പറഞ്ഞു. അഷ്റഫ് താമരശ്ശേരിയുടെ വസതിയിൽ നടന്ന ചടങ്ങിൽ വെച്ച് അദ്ദേഹത്തെ പി.ടി.എച്ച് അംബാസഡറായി തെരഞ്ഞെടുത്തു. അഷ്‌റഫ് താമരശ്ശേരി പി.ടി.എച്ചിന് നൽകുന്ന സംഭാവന നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ പി.ടി.എച്ച് പ്രസിഡണ്ട് പി.എസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.പി ഹാഫിസ് റഹ്മാൻ, എം. സുൽഫീക്കർ, പി.പി അബ്ദുല്ലത്തീഫ് മാസ്റ്റർ, അബ്ദുസമദ് എം.കെ., പി.പി ഗഫൂർ, വി.കെ മുഹമ്മദ് കുട്ടി മോൻ, ഷംസീർ എടവലം, റഹീം എടക്കണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാബീവി, കെ.ടി അബൂബക്കർ, കാസിം, ബുഷ്റ അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.