കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ കീറിയ ക്രിമിനലുകളെ കോളേജ് അധികൃതര്‍ സംരക്ഷിക്കുന്നു : മുസ്ലിം ലീഗ്

 


കോഴിക്കോട്. നവംബര്‍ 01 ന് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണുമ്പോള്‍ ബാലറ്റ് പേപ്പര്‍ കീറി തിരഞ്ഞെടുപ്പ് അട്ടിമറിച്ച എസ്.എഫ്.ഐ ക്രിമനലുകളെ കോളേജ് പ്രിന്‍സിപ്പലും അധികൃതരും സംരക്ഷിക്കുകയാണെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി യു.സി രാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ജിസ ജോസിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയില്‍ ബാലറ്റ് പേപ്പര്‍ കീറുക എന്നത് വളരെ ഗൗരവമായ കുറ്റകൃത്യമാണ്. ഇങ്ങനെയുള്ള കുറ്റ കൃത്യം ഒരാള്‍ ചെയ്തിട്ടും അതിനെതിരെ ഒരു പരാതി പോലും പോലീസ് അധികാരികള്‍ക്ക് നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. ഇടതുപക്ഷ അനുഭാവിയായ പ്രിന്‍സിപ്പലിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പ്രിന്‍സിപ്പലിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ അത് വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു 

എണ്‍പത് ശതമാനത്തിലധികം വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ എം.എസ്.എഫ് കെ.എസ്.യു സ്ഥാനാര്‍ത്ഥികള്‍ തൊണ്ണൂറ് വോട്ടിന് മുകളില്‍ ലീഡ് ചെയ്യുന്ന സമയത്താണ് എസ്.എഫ്.ഐ ക്രിമനലുകളായ വിദ്യാര്‍ത്ഥികള്‍ പുറത്ത് നിന്നുള്ള നിര്‍ദേശ പ്രകാരം ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞത്. കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ മൊബൈലില്‍ പുറത്തേക്ക് വിളിച്ച് ബാലറ്റ് പേപ്പര്‍ കീറാന്‍ ഗൂഢാലോചന നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ശക്തമായ സമരത്തിന് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും എം.എ റസാഖ് മാസ്റ്ററും, യു.സി രാമനും പറഞ്ഞു. എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്ത്, മുസ്ലിം ലീഗ് നേതാക്കളായ കെ മൂസ മൗലവി, എന്‍.പി ഹംസ മാസ്റ്റര്‍, ഒ ഹുസ്സൈന്‍, അഹമ്മദ് അരയങ്കോട്, കെ.കെ മുഹമ്മദാലി, എന്‍.പി ഹമീദ് മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാവ് വളപ്പില്‍ റസാഖ്, എം.എസ്.എഫ് നേതാക്കളായ ഷാക്കിര്‍ പാറയില്‍, ഷമീര്‍ പാഴൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രിന്‍സിപ്പിലിനെ കണ്ടത്‌

facebook

വളരെ പുതിയ വളരെ പഴയ