കുസാറ്റിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം തുടങ്ങി;താമരശ്ശേരി സ്വദേശിനിയുടെ സംസ്ക്കാരം നാളെ


കൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല കാമ്പസിൽ (കുസാറ്റ്) ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലും സാറാ തോമസ്, ആൽബിൻ ജോസഫ് എന്നിവരുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.

ശനിയാഴ്ച രാത്രിതന്നെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തീകരിച്ചിരുന്നു. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാണ് തീരുമാനം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ പത്തിന് കുസാറ്റ് കാമ്പസിൽ പൊതുദർശനത്തിന് വെക്കും.

മരിച്ചവരിൽ മൂന്നുപേർ വിദ്യാർഥികളാണ്. അതുൽ തമ്പി രണ്ടാംവർഷ സിവിൽ വിദ്യാർഥിയും എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകനുമാണ്. രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനിയും പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകളുമാമ് ആൻ റിഫ്ത്ത (20). താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയാണ്. ആൽബിൻ ജോസഫ് പാലക്കാട് മുണ്ടൂർ സ്വദേശിയാണ്. നാലു പേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

സാറയുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചായിരിക്കും സംസ്കാരം. കുസാറ്റിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുവരും. 38 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 36 പേർ കളമശ്ശേരി മെഡിക്കൽ കോളജിലാണ് ചികിത്സയിലുള്ളത്.

കിൻഡർ ആശുപത്രിയിൽ 18 പേരെ ആയിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ 16 പേരെ ഡിസ്‌ചാർജ്ജ് ചെയ്തു. രണ്ടുപേർ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

facebook

വളരെ പുതിയ വളരെ പഴയ