ജല്‍ ജീവന്‍ മിഷന്‍; തകര്‍ത്ത റോഡുകള്‍ എത്രയും വേഗത്തില്‍ പൂര്‍വസ്ഥിതിലാക്കണം: എസ്. ടി.യു


താമരശ്ശേരി: താമരശ്ശേരി ടൗണിലെ വിവിധ സ്ഥലങ്ങളില്‍ മാഞ്ഞുപോയ സീബ്രാ ലൈനുകള്‍ പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തകര്‍ത്ത ഗ്രാമീണ റോഡുകള്‍ എത്രയും വേഗത്തില്‍ പൂര്‍വ സ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. താലൂക്ക് ആശുപത്രിക്ക് മുന്‍വശവും ബസ് ബേക്ക് മുന്‍വശവും ഉള്‍പ്പെടെ ടൗണിലെ വിവിധ സ്ഥലങ്ങളില്‍ സീബ്രാലൈനുകള്‍ മാഞ്ഞുപോയിട്ട് മാസങ്ങളായി. കാല്‍ നട യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കാന്‍ വലിയ തോതിലുള്ള പ്രയാസങ്ങള്‍ നേരിടുകയാണ്. മാത്രമല്ല നിരവധി വാഹനാപകടങ്ങള്‍ ഇത് മൂലം ഉണ്ടായിട്ടുണ്ട്. മാഞ്ഞു പോയ സീബ്രാ ലൈനുകള്‍ പുനസ്ഥാപിക്കണമന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് ദേശീയ പാത അധികൃതരെ സമീപിച്ചിരുന്നുവെങ്കിലും അനുകൂല നടപടി സ്വീകരിച്ചിട്ടില്ല.

ജല്‍ ജീവന്‍ മിഷന്‍ പൈപ്പിടല്‍ പ്രവൃത്തിയുടെ മറവില്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. അശാസ്ത്രീയമായ രീതിയിലാണ് പൈപ്പിടാന്‍ വേണ്ടി റോഡ് ജെ.സി.ബി. ഉപയോഗിച്ച് കീറിയത്. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. ഇത് പുറത്ത് കൊണ്ടു വരണമെന്നും റോഡ് എത്രയും വേഗത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കി ഗതാഗതയോഗ്യമാക്കണമെന്നും എസ്.ടി.യു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ്.ടി.യു പഞ്ചായത്ത് പ്രസിഡണ്ട് സലീം വാളൂര്‍പൊയില്‍, ഭാരവാഹികളായ, സലീം വാടിക്കൽ, നാസര്‍ പള്ളിപ്പുറം , എ.കെ. ഹംസ, ഗ്രാമ പഞ്ചായത്തംഗം അനില്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ