താമരശ്ശേരി എസ്.ഐയെ സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ സമഗ്രാന്വേഷണം വേണം
താമരശ്ശേരി: താമരശ്ശേരിയിലെ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കാന്‍ പോലീസ് തയ്യാറായില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്താന്‍ തയ്യാറാവുമെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ പറഞ്ഞു. ഹയര്‍ സെക്കണ്ടറി ബാച്ച് അനുവദിക്കുന്നതില്‍ മലബാറിനോട് സര്‍ക്കാര്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് താമരശ്ശേരി എ.ഇ.ഒ ഓഫീസിന് മുന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ജനാധിപത്യ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസ് ചുമത്തിയ പോലീസ് നടപടിക്കെതിരെ കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി താമരശ്ശേരിയില്‍ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി സമരം ചെയ്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അന്യായമായി കേസെടുത്ത പോലീസ് താമരശ്ശേരിയിലെ ലഹരി മാഫിയക്കെതിരെ നടപടിയെടുക്കാന്‍ തിടുക്കം കാണിക്കാത്തത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ലഹരി മാഫിയകളുമായി താമരശ്ശേരി പോലീസിന് വഴി വിട്ട ബന്ധമുണ്ടെന്നാണ് ജനസംസാരം. ഇത് സാധൂകരിക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഈയിടെയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരി സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ സസ്‌പെന്‍ഷനില്‍ പോവേണ്ടി വന്ന സാഹചര്യം എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ഈ സംഭവത്തില്‍ സമഗ്രാന്വേഷണം അനിവാര്യമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ മാത്രം നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ല. സംഭവത്തില്‍ മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് സമഗ്രാന്വേഷണം അനിവാര്യമാണ്. ഇക്കാര്യത്തില്‍ ഒരാളെയും വെറുതെ വിടാന്‍ അനുവദിക്കില്ല. എസ്.ഐയുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തിയാല്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കും.
ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ അന്യായമായി കേസെടുക്കാന്‍ തിരക്കഥ തയ്യാറാക്കുകയും പ്രവര്‍ത്തകരെ അന്യായമായി വേട്ടയാടുകയും ചെയ്യുന്ന താമരശ്ശേരി സി.ഐയുടെ കൊമ്പൊടിക്കുക തന്നെ ചെയ്യും. ലീഗ് അതിന് കെല്‍പ്പുള്ള പാര്‍ട്ടിയാണെന്ന് മനസ്സിലാക്കണം. വനിതാ പോലീസ് ഉദ്യോഗസ്ഥയെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയും പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്തവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ജയിലില്‍ പോവാന്‍ ഭയമുള്ളവരല്ല മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. പോലീസിന്റെ ഇംഗിതത്തിന് വഴങ്ങി ഒരു പാര്‍ട്ടി പ്രവര്‍ത്തകനെയും ജയിലിലയക്കില്ല. പിണറായി വിജയനെയും സി.പി.എമ്മിനെയും തൃപ്തിപ്പെടുത്താന്‍ പണിയെടുക്കുന്നവര്‍ക്ക് എ.കെ.ജി. സെന്ററില്‍ നിന്നല്ല ശമ്പളം നല്‍കുന്നതെന്ന് അവര്‍ മനസ്സിലാക്കണമെന്നും ഡോ. എം.കെ. മുനീര്‍ പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള ഈ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കള്ളക്കേസ് ചുമത്തുക മാത്രമല്ല, പ്രതി പട്ടികയിൽ ഉൾപ്പെട്ടവരോട് കൊടും ക്രിമിനലുകളെ പോലെയാണ് പോലീസ് പെരുമാറികൊണ്ടിരിക്കുന്നത്. ഇവരുടെ വീടുകളിൽ ചെന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുകയുമാണ്. ഇത്തരം നടപടികൾ അവസാനിപ്പിച്ചിട്ടില്ലെങ്കിൽ പോലീസ് വലിയ വില നൽകേണ്ടിവരുമെന്നും മുനീർ മുന്നറിയിപ്പ് നൽകി.
കുത്തിയിരുപ്പ് സമരത്തില്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.എ. റസ്സാഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മയക്ക് മരുന്ന് മാഫിയകളും ഗുണ്ടകളുമായി താമരശ്ശേരി പോലീസിന് അവിഹിതമായ ചങ്ങാത്തമുണ്ടെന്നും പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ചീഞ്ഞു നാറുന്ന കഥകള്‍ മുസ്‌ലിം ലീഗ് പുറത്തു കൊണ്ടു വരിക തന്നെ ചെയ്യുമെന്നും റസ്സാഖ് മാസ്റ്റര്‍ പറഞ്ഞു. ജില്ലാ ജന. സെക്രട്ടറി ടി.ടി. ഇസ്മായില്‍, സെക്രട്ടറി എ.പി. മജീദ് മാസ്റ്റര്‍, എ. അരവിന്ദന്‍, ടി.കെ. മുഹമ്മദ് മാസ്റ്റര്‍, കെ.എം. അഷ്‌റഫ് മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ ഹാജി, പി.സി. മുഹമ്മദ് മാസ്റ്റര്‍, എന്‍.സി. ഹുസ്സയിന്‍ മാസ്റ്റര്‍, പി. മുഹമ്മദ്, യു.കെ. ഹുസ്സയിന്‍, സുലൈമാന്‍ പോര്‍ങ്ങോട്ടൂര്‍, എ.പി. നാസര്‍ മാസ്റ്റര്‍, വി. ഇല്യാസ്, റഫീഖ് കൂടത്തായി, എം. നസീഫ് തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം ജന. സെക്രട്ടറി കെ.കെ.എ. ഖാദര്‍ സ്വാഗതവും ട്രഷറര്‍ കെ.പി. മുഹമ്മദന്‍സ് നന്ദിയും പറഞ്ഞു.