താമരശ്ശേരി: താമരശ്ശേരിയില്‍ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. മലയോര മേഖലയുടെ കായിക രംഗത്തെ കുതിച്ചു ചാട്ടം ലക്ഷ്യമിട്ട് രൂപീകരിച്ച താമരശ്ശേരി സ്‌പോര്‍ട്‌സ് അക്കാദമിയാണ് കായിക പരിശീലനത്തിന്റെ പുത്തന്‍ ചുവടുവെപ്പുമായി രംഗത്തെത്തിയത്. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ പരിശീനത്തിനാണ് അക്കാദമി കളമൊരുക്കിയത്. 8-നും 18-നും ഇടയില്‍ പ്രായമുള്ള നാനൂറോളം വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വോളിബോള്‍ അണ്ടോണ ആന്റേലേഴ്‌സ് ഗ്രൗണ്ടിലും, ബാഡ്മിന്റണ്‍ അവേലം എ.വി.എം പ്ലേ സ്റ്റേഷനിലും, ഫുട്‌ബോള്‍ അമ്പലമുക്കിലെ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്. നോവ സ്‌പോര്‍ട്‌സ് അക്കാദമിയുടെയും കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിശീലനം നടക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഫുട്‌ബോള്‍ പരിശീലനത്തിനാണ് രജിസ്റ്റര്‍ ചെയ്തത്. 4 ബാച്ചുകളിലായാണ് ഫുട്‌ബോള്‍ പരിശീലനം നടക്കുന്നത്. 15 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത് പരിശീലനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ നിന്ന് മികവ് പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്തി തുടര്‍ പരിശീലനം ഉറപ്പാക്കും.
അമ്പലമുക്കിലെ ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ യു. ഷറഫലി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അക്കാദമി ചെയര്‍മാന്‍ പി.പി. ഹാഫിസ് റഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി സനല്‍ ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്‌റഫ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, ലവൈസ് പ്രസിഡണ്ട് എം.കെ. സൗദാ ബീവി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ. അരവിന്ദന്‍, ജോണ്‍, അഷ്‌ക്കര്‍ അമ്പലമുക്ക് സംസാരിച്ചു. എം. സുല്‍ഫീക്കര്‍ സ്വാഗതവും ഷംസീര്‍ എടവലം നന്ദിയും പറഞ്ഞു.