താമരശ്ശേരിയിൽ ഹാജറ കൊല്ലരുകണ്ടിക്ക് സ്മാരകമാവുന്നു

 


താമരശ്ശേരി: അന്തരിച്ച താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമായ ഹാജറ കൊല്ലരുകണ്ടിക്ക് സ്മാരകമായി പാലിയേറ്റീവ് പ്രവർത്തനത്തിനുള്ള വാഹനം പുറത്തിറക്കാനുള്ള നീക്കവുമായി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി രംഗത്ത്. താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ രോഗികളെ സഹായിക്കുന്നതിന് സി.എച്ച് സെന്റർ വളണ്ടിയറായും സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഹാജറ കൊല്ലരുകണ്ടിയുടെ ആസ്മിക വിയോഗമുണ്ടായത്. അതുകൊണ്ട് തന്നെയാണ് കിടപ്പ് രോഗികളെ പരിചരിക്കുന്നതിനായി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസി(പി.ടി.എച്ച്) ന്റെ ഹോം കെയർ പ്രവർത്തനത്തിനുള്ള വാഹനം ഹാജറ കൊല്ലരുകണ്ടിയുടെ പെരിൽ പുറത്തിറക്കാൻ പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനമെടുത്തത്.


 കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലം താമരശ്ശേരിയിലെ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന ഹാജറക്ക് താമരശ്ശേരിയിൽ മികച്ച സ്മാരകം തന്നെ വേണമെന്ന ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനിയോജ്യമായ തീരുമാനമെടുത്തതോടെയാണ് താമരശ്ശേരിയിൽ ഹാജറക്ക് സ്മാരകമാവുന്നതിനുള്ള വഴി തുറക്കപ്പെട്ടത്. ഈ തീരുമാനത്തിന് പാർട്ടി പ്രവർത്തകരും അല്ലാത്തവരുമായ പൊതുസമൂഹത്തിൽ നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ പറഞ്ഞു. 


 പാലിയേറ്റീവ് പ്രവർത്തനത്തങ്ങൾക്കായി ഹാജറ കൊല്ലരുകണ്ടിയുടെ പെരിൽ വാഹനം പുറത്തിറക്കുന്നതിന്റെ മുന്നോടിയായി വാഹന ബുക്കിംഗിനുള്ള 30000 (മുപ്പതിനായിരം) രൂപ കാരാടി വാർഡ് ലീഗ് കമ്മിറ്റിയാണ് സ്വരൂപിച്ച് നൽകിയത്. പ്രസ്തുത തുക പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളും പി.ടി. എച്ച് ഭാരവാഹികളും ചേർന്ന് വാഹന കമ്പനി അധികൃതർക്ക് കൈമാറുകയും പുതിയ വാഹനത്തിന് ബുക്കിംഗ് നടത്തുകയും ചെയ്തു.


 ഹാജറ കൊല്ലരുകണ്ടിയുടെ സ്മാരകമായി പുറത്തിറക്കുന്ന വാഹനത്തിന്റെ അവശേഷിക്കുന്ന തുകയും പി.ടി. എച്ചിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള തുകയും കണ്ടെത്തുന്നതിനായുള്ള പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എല്ലാവരും ഈ സംരംഭത്തെ നെഞ്ചോട് ചേർക്കണമെന്നും ഈ പദ്ധതി എത്രയും വേഗത്തിൽ യാഥാർത്ഥ്യമാക്കുന്നതിന് കഴിവിന്റെ പരമാവധി സാമ്പത്തിക സഹായം നൽകണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അഭ്യർത്ഥിച്ചു.


 പി.ടി.എച്ചിന് വേണ്ടി പുതുതായി വാങ്ങുന്ന വാഹനത്തിനുള്ള അഡ്വാൻസ് തുക നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും പി.ടി.എച്ച് ചെയർമാനുമായ പി.എസ് മുഹമ്മദലി ഷോറൂം അധികൃതർക്ക് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ, ജന. സെക്രട്ടറി എം. സുൽഫിക്കർ, ട്രഷറർ പി.പി ഗഫൂർ, പി.ടി.എച്ച് ജന. കൺവീനർ പി.പി അബ്ദുല്ലത്തീഫ് മാസ്റ്റർ, ട്രഷറർ എം.കെ അബ്ദുസമദ്, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് സെക്രട്ടറി സുബൈർ വെഴുപ്പൂർ, വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികളായ റഹീം എടക്കണ്ടി, ബഷീർ ചുങ്കം തുടങ്ങിയവർ സംബന്ധിച്ചു.

facebook

വളരെ പുതിയ വളരെ പഴയ