താമരശ്ശേരി : ജി.എസ്. ടി കൗൺസിലിന്റെ പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ വിലക്കയറ്റം കൊണ്ട് ജനജീവിതം ദുസ്സഹമാകുമെന്നും സർക്കാർ ഇക്കാര്യത്തിൽ നിസ്സംഗത വെടിയണമെന്നും താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.
പാക്കറ്റുകളിൽ വരുന്ന പാൽ, ഭക്ഷ്യധാന്യങ്ങൾ എന്നിവയ്ക്കാണ് അഞ്ച് ശതമാനം ജി.എസ്.ടി വർദ്ധിപ്പിച്ചത്. പാക്കറ്റുകളിൽ വരുന്ന പാൽ, മൽസ്യം, മാംസം, ശർക്കര, പപ്പടം, തുടങ്ങിയവക്ക് അഞ്ച് ശതമാനം ജി.എസ്.ടി വർദ്ധനവ് കൂടാതെ പരിഷ്കരിച്ച മറ്റു നികുതി നിരക്കുകളും ഇന്നെലെ മുതൽ നിലവിൽ വന്നു കഴിഞ്ഞു.
ലീഗൽ മെട്രോളജി നിയപ്രകാരം മുൻകൂട്ടി ലേബൽ ചെയ്തിട്ടുള്ള പാൽ, ലസ്സി , തൈര് തുടങ്ങിയവക്കും അഞ്ച് ശതമാനം ജി.എസ്.ടി. കൂട്ടി. ഇവയെ മുമ്പ് ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയതായിരുന്നു. പുതുക്കിയ ജി.എസ്.ടി. നിരക്ക് സംബന്ധിച്ച് വ്യാപാരികളും പൊതുജനങ്ങളും അനിശ്ചിതത്വത്തിലാണ്. സർക്കാർ വ്യാപാരികളോട് വിഷയത്തിൽ വ്യക്തത നൽകാത്തതിനാൽ എന്ത് ചെയ്യണമെന്ന ആശങ്കയിലുമാണ്.
ചെക്ക് ബുക്കിന് ബാങ്കുകൾ ഈടാക്കുന്ന ചാർജിന് 18 ശതമാനം ജി.എസ്.ടി നൽകണമെന്നതും ആശുപത്രികളുടെ റൂം വാടകയ്ക്ക് ജി.എസ്.ടി.യുടെ പുതിയ വർദ്ധന നിരക്ക് ബാധിക്കുമെന്നതും ജനജീവിതത്തെ സാരമായി ബാധിക്കും.
കോവിഡിന് ശേഷം പതിയെ ഉയർന്ന് വരുന്ന വ്യാപാരികളും പൊതുജനങ്ങളും വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിവിടപ്പെടും. സർക്കാർ അടിയന്തിരമായി വിപണിയിൽ ഇടപെട്ട് വിലക്കയറ്റം തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.എസ് മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹ്മാൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ പി.ടി ബാപ്പു, എ.പി മൂസ, എ.കെ അസീസ്, പി.എ സമദ് ഹാജി, എം.സുൽഫീക്കർ, ശംസീർ എടവലം സംബന്ധിച്ചു. ട്രഷറർ എൻ.പി റസാഖ് മാസ്റ്റർ നന്ദി പറഞ്ഞു.