ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ അക്രമം; താമരശ്ശേരി ചോളമണ്ടലം ഫിനാൻസ് ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ച് നടത്തി

 


താമരശ്ശേരി: വാഹനത്തിന്റെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചോളമണ്ടലം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റ പൂനൂർ സ്വദേശി മുഹമ്മദ് ഷെഫീർ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചോലമണ്ടലം ഫിനാൻസിന്റെ താമരശ്ശേരി ബ്രാഞ്ചിൽ നിന്ന് ഷഫീർ ഗുഡ്സ് വാഹനത്തിന് വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടവ് ഒരാഴ്ച മുടങ്ങിയതിനെ തുടർന്നാണ് ജീവനക്കാർ ഷഫീറിന്റെ വീട്ടിലെത്തി മർദ്ധിച്ചത്. രണ്ടുപേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തുകയും ഭാര്യയുടെ മുന്നിൽ വെച്ച് തന്നെ മാരകമായി ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് ഷഫീർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഷഫീർ ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ഗുണ്ടായിസവും ക്വട്ടേഷൻ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് താമരശ്ശേരിയിൽ ചോളമണ്ടലം ഫിനാൻസ് ബ്രാഞ്ച് ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ച് നടത്തിയത്.


 മാർച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി എം. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. ട്രഷറർ പി.പി ഗഫൂർ അധ്യക്ഷത വഹിച്ചു. സുബൈർ വെഴുപ്പൂർ സ്വാഗതവും ഷംസീർ എടവലം നന്ദിയും പറഞ്ഞു. എസ്.ടി.യു പഞ്ചായത്ത് പ്രസിഡണ്ട് വി.കെ മുഹമ്മദ് കുട്ടിമോൻ, സെക്രട്ടറി റഹീം എടക്കണ്ടി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി അയ്യൂബ് ഖാൻ, ജന. സെക്രട്ടറി എ.പി സമദ്, കെ.കെ ഹംസക്കുട്ടി, മജീദ് കാരാടി, കമ്മു ചുങ്കം, നോനി ഷൗക്കത്ത്, നിയാസ് ഇല്ലി പറമ്പിൽ, റിയാസ് കാരാടി, മുഹമ്മദലി പരപ്പൻ പൊയിൽ, ഒ. സാജിർ സംസാരിച്ചു.



facebook

വളരെ പുതിയ വളരെ പഴയ