താമരശേരി: താമരശേരി ബസ്റ്റാൻ്റിൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. താമരശേരി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. താമരശേരി ബസ്റ്റാൻ്റിലൂടെ കടന്നുപോകുന്ന ബസുകൾ എപ്പോൾ എത്തുമെന്നും പുറപ്പെടുമെന്നും ഇനി എപ്പോഴാണ് ഓരോ റൂട്ടുകളിലേക്കും ബസുകൾ ഉള്ളതെന്നും ഇതുവഴി യാത്രക്കാർക്ക് മനസിലാക്കാൻ സാധിക്കും. മൊബൈൽ ആപ്ലിക്കേഷൻ വഴി കേരളത്തിലെ ഏത് ബസ്റ്റോപ്പുകളിലേയും ബസ് സമയം അറിയാനും സംവിധാനമുണ്ട്. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, ട്രിപ്പ് പ്ലാനർ എന്നിവയും ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകളുടെ തത്സമയ സമയ വിവരങ്ങൾ ഉടൻ ലഭ്യമാകും. താമരശേരി ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ ഡിസ്പ്ലേ ബോർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സൗദാ ബീവി അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷൻമാരായ അയൂബ് ഖാൻ, കെ.കെ മഞ്ജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ , ഖദീജ സത്താർ, അനിൽ കുമാർ, വി.എം ആർഷ്യ, റംല ഖാദർ, ബുഷ്റ അഷ്റഫ്, ഫസീല ഹബീബ്, ആയിഷ മുഹമ്മദ് ,ഹാഫിസുറഹ്മാൻ, പി.പി ഗഫൂർ, എം.പി മൂസ, അസി. സെക്രട്ടറി അശോകൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, അക്രഡിറ്റഡ് എൻജിനീയർ ഫസ്ല ബാനു, ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസ് പി.ആർ.ഒ ആഷിഖ് അലി ഇബ്രാഹിം പങ്കെടുത്തു.