വാഷിങ്ടൺ: ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണം ആവർത്തിച്ചതിൽ മാപ്പ് പറഞ്ഞ് സി.എൻ.എൻ റിപ്പോർട്ടർ സാറ സിദ്നർ. വാർത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രായേലിന്റെ വ്യാജ ആരോപണം ഏറ്റെടുത്തതിലാണ് സാറ സിദ്നർ ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. വാക്കുകളിൽ ജാഗ്രത പുലർത്തണമായിരുന്നെന്ന് സാറ സിദ്നർ വ്യക്തമാക്കി. എക്സിലൂടെയാണ് പ്രതികരണം.
'കഴിഞ്ഞ ദിവസം ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുമാണ് ഇസ്രായേൽ സർക്കാർ അറിയിച്ചത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഇസ്രായേൽ സർക്കാർ ഇന്ന് അറിയിച്ചത്. ഞാൻ എന്റെ വാക്കുകളിൽ ജാഗ്രത പുലർത്തണമായിരുന്നു. സാറ സിദ്നർ എക്സിൽ കുറിച്ചു.
ഹമാസ് ആക്രമണത്തിന് ശേഷം വടക്കൻ ഇസ്രായേലിൽ തലയറുക്കപ്പെട്ട നിലയിൽ 40 കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു സി.എൻ.എൻ നൽകിയ വ്യാജ വാർത്ത. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യാജ വാർത്ത ഏറ്റെടുത്തിരുന്നു. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ് തന്നെ പിന്നീട് തിരുത്തുകയായിരുന്നു