ഫാ. മാത്യു തകിടിയേൽ (73)നിര്യാതനായി


താമരശ്ശേരി : താമരശ്ശേരി രൂപതാംഗമായ ഫാ. മാത്യു തകിടിയേൽ (73) നിര്യാതനായി. 1950 ജൂൺ 30ന് താമരശ്ശേരി രൂപതയിലെ ചാപ്പൻതോട്ടം ഇടവകയിലെ പരേതരായ തകിടിയേൽ ജോസഫ് - മേരി ദമ്പതികളുടെ പന്ത്രണ്ടു മക്കളിൽ രണ്ടാമനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം വരെ ഭരണങ്ങാനത്ത് പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയിലെ മൈനർ സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ചു. ആലുവ, മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്റിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങൾ പൂർത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1975 ഡിസംബർ 23 ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് ചാപ്പൻതോട്ടം ഇടവകയിൽ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കുകയും ചെയ്തു.

വിലങ്ങാട് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ച മാത്യു അച്ചൻ തുടർന്ന് കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി നിയമിക്കപ്പെട്ടു. മഞ്ഞക്കടവ്, തലശ്ശേരി അതിരൂപതയിലെ വിജയപുരി (കൊട്ടോടി), പൂഴിത്തോട്, ചെമ്പുകടവ്, ചക്കിട്ടപാറ, പുഷ്പഗിരി, വിലങ്ങാട്, പെരുവണ്ണാമൂഴി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 9ന് ചെറിയ ശാരീരിക ബുദ്ധിമുട്ട് വന്നപ്പോൾ ചികിത്സയ്ക്കായി സ്വഭവനത്തിലേക്ക് പോവുകയും ചികിത്സയിൽ ആയിരിക്കുകയുമായിരുന്നു. 

സഹോദരങ്ങൾ : സിസ്റ്റർ വിയാനി (സെന്റ് ആൻസ് കോൺവെന്റ്, രാജ്മുന്ദ്രി), ആലിസ് തേവർ കോട്ടയിൽ, ആനിയമ്മ നീരാക്കൽ, സിസ്റ്റർ മാർഗരറ്റ്് (സെന്റ് ആൻസ് കോൺവെന്റ്, വേളാങ്കണ്ണി), വക്കച്ചൻ, ജോസ് (റിട്ട. അധ്യാപകൻ). സിസ്റ്റർ റ്റാൻസി (അഡോറേഷൻ കോൺവെന്റ് നെടുംകുന്നം), തോമസ് (ബോംബെ), അബി, പ്രിൻസി (സീനിയർ സർക്കുലേഷൻ മാനേജർ ദീപിക), അഡ്വ. സിറിൽ.


പരേതന്റെ ഭൗതികദേഹം വ്യാഴാഴ്ച (26.10.2023) രാവിലെ മുതൽ ഉച്ചയ്ക്ക് 01.00 മണി വരെ ചാപ്പൻതോട്ടം ഇടവകയിലുള്ള, സഹോദരൻ വക്കച്ചന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്നതും തുടർന്ന് ചാപ്പൻതോട്ടം സെന്റ് ജോസഫ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. 


സംസ്കാര കർമ്മങ്ങൾ വ്യാഴാഴ്ച വൈകിട്ട് 4.00 മണിക്ക് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.

കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ അസൗകര്യങ്ങൾ മാത്രം കൈമുതലുണ്ടായിരുന്ന ഇടവകകളിൽ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു. തന്റെ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായ ബഹു. മാത്യു തകിടിയേൽ അച്ചന് താമരശ്ശേരി രൂപതയുടെ അശ്രുപൂജ. 

facebook

വളരെ പുതിയ വളരെ പഴയ