2034 ലെ ഫിഫ ലോകകപ്പ് മൽസരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയരായേക്കും. ലോകകപ്പിന് വേദിയൊരുക്കാനുള്ള നീക്കത്തിൽ നിന്നും ഓസ്ട്രേലിയ പിൻമാറിയതിനെ തുടർന്നാണ് സൗദിക്ക് നറുക്ക് വീണത്. വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വർഷത്തെ ഫിഫ കോൺഗ്രസിൽ നടക്കും. 2030 ലെ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലായാണ് നടക്കുക.
2034 ലെ ലോകകപ്പിനായി ഇന്തൊനേഷ്യയും ഓസ്ട്രേലിയയുമാണ് സംയുക്തമായി നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്നും പിൻമാറിയ ഇന്തൊനേഷ്യ സൗദിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഖത്തറിന് പിന്നാലെ ലോകഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കാനുള്ള സൗദിയുടെ നീക്കം മിഡിൽ ഈസ്റ്റിലെ കായികരംഗത്തിന് പുത്തൻ ഉണർവേകുമെന്നാണ് വിലയിരുത്തൽ.