കോഴിക്കോട്∙ താമരശേരി വനംവകുപ്പ് ഓഫിസ് ആക്രമിച്ച് കത്തിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. കോഴിക്കോട് സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയുടേതാണു വിധി. ഇതിൽ അഞ്ചാം പ്രതി സുരേഷ് മരിച്ചിരുന്നു.
പ്രതി ചേർക്കപ്പെട്ട ആരും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സംഭവം നടക്കുന്ന സമയം ആറു മുതൽ പത്തു വരെയുള്ള പ്രതികൾ ഏഴാം പ്രതിയുടെ പിതാവുമായി ആശുപത്രിയിൽ പോകുന്ന സമയത്ത് ചുങ്കത്ത് ഉണ്ടായ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി കിടക്കുകയായിരുന്നു. അവിടെവച്ച് വാഹനത്തിൽനിന്ന് പിടിച്ചിറക്കി കൊണ്ടുപോയി മനപ്പൂർവം പ്രതി ചേർക്കുകയായിരുന്നെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കൃഷി ചെയ്തു ജീവിക്കുന്ന സാധരണക്കാരാണു സംഭവത്തിൽ പ്രതിചേർക്കപ്പെട്ടതെന്നും പത്തു വർഷത്തോളം കേസുമായി നടന്ന് ഇവരുടെ ജീവിതം ബുദ്ധിമുട്ടിലായെന്നും ഇവർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി 2013 നവംബർ 15നു നടന്ന മലയോര ഹർത്താലിൽ താമരശ്ശേരിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫിസ് ആക്രമിക്കുകയും ഫയലുകൾ കത്തിക്കുകയും ചെയ്തെന്നാണു കേസ്. 37 പേരാണു പ്രതികൾ. താമരശ്ശേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസ് ഡയറി നഷ്ടമായതിനാൽ കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടെയും പകർപ്പ് ഉപയോഗിച്ചാണു പ്രോസിക്യൂഷൻ കേസ് മുന്നോട്ടു കൊണ്ടുപോയത് .