ഇന്നലെ വെള്ളക്കെട്ടിൽ വീണ് മരണപ്പെട്ട സഹോദരങ്ങളുടെ മയ്യത്ത് കോരങ്ങാട് കബർസ്ഥാനിൽ കബറടക്കി
താമരശ്ശേരി : ഇന്നലെ വെള്ളക്കെട്ടിൽ വീണു മരിച്ച കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ചു ഒരു മണിയോടെയാണ് താമരശ്ശേരി കോരങ്ങാട് എൽ പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചത്. ആയിരക്കണക്കിന് ആളുകൾ അവസാനമായി ഒരു നോക്കു കാണാൻ എൽ പി സ്കൂളിൽ എത്തി. ബന്ധുക്കളും നാട്ടുകാരും സഹപാഠികളും അധ്യാപകരും കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് നൽകിയത്.
കോരങ്ങാട് ഹോട്ടൽ ജീവനക്കാരനായ വട്ടക്കുരു അബ്ദുൽ ജലീൽ എന്ന മുട്ടായിയുടെ മക്കളായ മുഹമ്മദ് ഹാഷിർ മുഹമ്മദ് ഹാദി എന്നിവരാണ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ വീടിന് സമീപത്തുള്ള മറ്റൊരു വീട്ടിൽ ട്യൂഷന് വേണ്ടി പോകവേ സെപ്റ്റിക് ടാങ്കിന് വേണ്ടി എടുത്ത വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരണപ്പെട്ടത്. മാതാവ് നാജിറ. ആഷിർ കോരങ്ങാട് ജി എം എൽ പി സ്കൂൾ വിദ്യാർത്ഥിയും മുഹമ്മദ് ഹാദി കോരങ്ങാട് ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയും ആണ്.