കൊലക്കേസിൽ ഒളിവിൽ കഴിയവേ മറ്റൊരു കൊലപാതകം; പ്രതി രാമനാട്ടുകരയിൽ പിടിയിൽ

കൊലപാതകം നടത്തി ഒളിവിൽ പോയി മറ്റൊരു കൊലപാതകം കൂടി നടത്തി മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. 2 കൊലപാതക കേസുകളിലും മോഷണക്കേസിലും പ്രതിയായ ഫറോക്ക് നല്ലൂർ ചെനക്കൽ മണ്ണെണ്ണ സുധി എന്ന സുധീഷ് കുമാറിന (39) ആണ് സിറ്റി സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പും ഫറോക്ക് ഇൻസ്പെക്ടർ എം.പി.സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നു പിടികൂടിയത്.

ജനുവരിയിലാണു സുധീഷ് കുമാറിന്റെ മർദനമേറ്റു ഫറോക്ക് ചുള്ളിപറമ്പിൽ മടവൻപാട്ടിൽ അർജുനൻ മരിച്ചത്. മർദനമേറ്റു ആശുപത്രിയിലായ അർജുനൻ മരിച്ച വിവരം അറിഞ്ഞ സുധീഷ്കുമാർ ഒളിവിൽ പോയി. തമിഴ്നാട്ടിലേക്കു പോയി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു. ഈറോഡിൽ നിർമാണ തൊഴിൽ ചെയ്യുന്നതിനിടെ കൂടെ ജോലി ചെയ്യുന്ന തേനി സ്വദേശി സുധാകറിനെ (39) മദ്യലഹരിയിൽ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി.

മൃതദേഹം ബെഡ് ഷീറ്റിൽ കെട്ടി റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഇടാൻ ശ്രമിച്ചു. ആളുകളെ കണ്ടപ്പോൾ അഴുക്കുചാലിൽ ഇട്ടു. അവിടെ നിന്നു ശക്തമായ മഴയിൽ ഒഴുകി ഓടയ്ക്കുള്ളിൽ കുരുങ്ങിയ മൃതദേഹം ദിവസങ്ങൾക്കു ശേഷം അഴുകിയ നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി രാമനാട്ടുകര വച്ചാണ് സുധീഷ് കുമാർ പിടിയിലായത്. ഈറോഡ് പൊലീസും സുധീഷ് കുമാറിനായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. അവരും ടവർ ലൊക്കേഷൻ നിരീക്ഷിച്ച് രാമനാട്ടുകരയിൽ എത്തിയിട്ടുണ്ട്. ഇവിടെ കോടതിയിൽ ഹാജരാക്കിയ ശേഷം അവർ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.

പല നാടുകളിൽ സുധീഷ്; വിടാതെ പൊലീസ്

കോഴിക്കോട്∙ വിവിധ ഭാഷകളിലെ പ്രാവീണ്യം സുധീഷ്കുമാറിനു പൊലീസിനെ വെട്ടിച്ചു കഴിയാൻ സഹായകമായി. മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകൾ ഇയാൾക്കു അറിയാം. അർജുനൻ മരിച്ച വിവരം അറിഞ്ഞു തമിഴ്നാട്ടിലേക്കു കടന്ന സുധീഷ്കുമാർ വിവിധ സ്ഥലങ്ങളിൽ താമസിച്ചു ജോലി ചെയ്തു. ഈറോഡ് താമസിക്കുന്ന കാലത്തു തുടർച്ചയായി മൈസൂരുവിലേക്കു പോകും. ജോലി ചെയ്യാനും ലഹരിമരുന്നു വാങ്ങാനുമായിരുന്നു യാത്ര. പത്തോളം മൊബൈൽ ഫോണുകളും ഒട്ടേറെ സിം കാർഡുകളും മാറി മാറി ഉപയോഗിച്ചു പൊലീസിനെ വഴി തെറ്റിച്ചു. ഒരു സിം കാർഡും ഫോണും കുറച്ചു ദിവസം ഉപയോഗിക്കും. അതു പൊലീസ് മനസ്സിലാക്കി എന്നറിയുമ്പോൾ ഓഫാക്കും. അപ്പോൾ പൊലീസ് ഇരുട്ടിലാകും.തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ ജീവിച്ചു. 

ഇയാൾ ബന്ധപ്പെടുന്നവരെ നിരീക്ഷിച്ച സ്പെഷൽ സ്ക്വാഡ് അവസാനം എല്ലാ മൊബൈൽ ഫോണും സിം കാർഡും മനസ്സിലാക്കി. ഈറോഡ് പൊലീസും ഇവിടത്തെ സ്പെഷൽ സ്ക്വാഡും വിടാതെ പിന്തുടരുന്നതു മനസ്സിലാക്കിയ സുധീഷ്കുമാർ അവസാനം കർണാടക വഴി കോഴിക്കോട്ടെത്തി. ഇവിടെ നിന്നു മറ്റെവിടേക്കോ പോകാൻ പദ്ധതി തയാറാക്കുന്നതിനിടെയാണു പിടിയിലായത്. സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി,എ.കെ.അർജുൻ, രാകേഷ് ചൈതന്യം, ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വി.ആർ. അരുൺ, എഎസ്ഐ ലതീഷ് പുഴക്കര, സിവിൽ പൊലീസ് ഓഫിസർ ടി.പി.അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

facebook

വളരെ പുതിയ വളരെ പഴയ