ജിജോ ജോസഫിന് ഹാട്രിക്; രാജസ്ഥാനെതിരെ കേരളത്തിന് അഞ്ചുഗോൾ ജയം

മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കേരളത്തിന് വമ്പൻ ജയം. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് രാജസ്ഥാനെ തോൽപിച്ചു. കേരളത്തിനായി നായകൻ ജിജോ ജോസഫ് ഹാട്രിക് നേടി. നിജോ ഗിൽബർട്ടും അജയ് അലമാണ് മറ്റ്സ്കോറർമാർ. ആദ്യ പകുതിയിൽ കേരളം 2-0ത്തിന് മുന്നിലായിരുന്നു. മത്സരം തുടങ്ങി ആറാം മിനിറ്റിൽ ഫ്രീകിക്കിലൂടെയായിരുന്നു നായകൻ കേരളത്തിനായി അക്കൗണ്ട് തുറന്നത്. 38-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് കേരള മിഡ്ഫീൽഡർ ഗിൽബർട്ട് തൊടുത്തുവിട്ട ഷോട്ട് വലയിൽ ചെന്ന് പതിച്ചു. രാജസ്ഥാൻ ഗോൾ കീപ്പർ മനീന്ദറിന് അവിടെ റോൾ ഒന്നുമില്ലായിരുന്നു. സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ആദ്യം ജയം പശ്ചിമ ബംഗാൾ സ്വന്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 9.30ന് മലപ്പുറം കോട്ടപ്പടി ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെയാണ് വെസ്റ്റ് ബംഗാൾ തോൽപ്പിച്ചത്. 61-ാം മിനിറ്റിൽ ശുഭാം ബൗമികാണ് വെസ്റ്റ്ബംഗാളിനായി വിജയ ഗോൾ നേടിയത്. ഇതുവരെ 13 തവണ സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ച കേരളം 14 തവണ ഫൈനൽ കളിച്ചിട്ടുണ്ട്. ആറ് തവണ കിരീടം നേടി. മലപ്പുറം സന്തോഷ് ട്രോഫിക്ക് വേദിയാവുന്നത് ആദ്യമാണ്. കരുത്തരായ ബംഗാളും പഞ്ചാബും മേഘാലയയും രാജസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് കേരളം. നിലവിലെ ജേതാക്കളായ സർവിസസ്, മണിപ്പൂർ, കർണാടക, ഗുജറാത്ത്, ഒഡിഷ ഗ്രൂപ്പ് ബി യിലാണ്. പയ്യനാട്ട് ഏപ്രിൽ 28നും 29നുമാണ് സെമി ഫൈനൽ. മേയ് രണ്ടിന് ഫൈനൽ.

facebook

വളരെ പുതിയ വളരെ പഴയ