സ്വകാര്യ ബസിന് മുകളിൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

സവകാര്യ ബസിന് മുകളില്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. രണ്ട് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും എതിരെയാണ് നടപടി. കൂടുതല്‍ ബസുകളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പാലക്കാട് ജില്ലാ ആര്‍ടിഒയുടെ തീരുമാനം. സനയെന്ന സ്വകാര്യ ബസിന്റെ മുകളില്‍ യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബസിന്റെ മുകളില്‍ കയറി കണ്ടക്ടര്‍ ടിക്കറ്റ് നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെയാണ് ഈ ബസിന്റെ ഡ്രൈവര്‍ തൗഫീഖ്, കണ്ടക്ടര്‍ നസീബ് എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നെന്മറ - വല്ലങ്ങി വേല ദിവസമായതിനാല്‍ തിരക്ക് നിയന്ത്രിക്കാനായില്ലെന്നാണ് ബസ് ജീവനക്കാരുടെ വാദം. നിരവധി ബസുകളില്‍ ഇത്തരത്തില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് നടത്തി. പലതവണ ആവശ്യപ്പെട്ടിട്ടും യാത്രക്കാര്‍ ഇറങ്ങാന്‍ തയ്യാറാകാതിരുന്നതോടെയാണ് സര്‍വീസ് നടത്തേണ്ടി വന്നത്. പൊലീസ് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തങ്ങള്‍ക്കെതിരെ മാത്രം നടപടിയെടുത്തതിന് പിന്നില്‍ വ്യക്തി താല്‍പര്യങ്ങളാണെന്നും ഇവര്‍ ആരോപിക്കുന്നു.

facebook

വളരെ പുതിയ വളരെ പഴയ