താമരശ്ശേരി:താമരശ്ശേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ ആൾ പിടിയിൽ. പൂനൂർ വട്ടപൊയിൽ സ്വദേശി നഹാസിനെയാണ് 39 കിലോ ഗ്രാം കഞ്ചാവുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതിനെടെയാണ് പ്രതി പൊലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം 14 കിലോ ഗ്രാം കഞ്ചാവുമായി കൊടുവള്ളിയിൽ നിന്നും പിടിയിലായ മറ്റൊരു പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിവാരത്തുള്ള നഹാസിന്റെ വാടക വീട്ടിൽ താമരശ്ശേരി പൊലീസ് പരിശോധന നടത്തുന്നത്. ആന്ധ്രയിൽ നിന്ന് കേരളത്തിൽ എത്തിച്ച് മൊത്തവിതരണക്കാർക്ക് നൽകാൻ സൂക്ഷിച്ചിരുന്ന 39 കിലോ ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. മുൻപ് പ്രവാസിയായിരുന്ന ഇയാൾ ആന്ധ്രയിൽ ഹോട്ടൽ ബിസിനസ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് ലോബികളുമായി പരിചയത്തിലാകുന്നത്. പെട്ടെന്ന് പണമുണ്ടാക്കാനായി നവംബർ മാസത്തിന് ശേഷം 6 തവണയായി 300 കിലോ കഞ്ചാവാണ് ഇയാൾ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തിയത്. വിശാഖ പട്ടണം , ഓഡീഷ എന്നിവടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ കൂട്ടാളികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
താമരശ്ശേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; പ്രതി പിടിയിൽ
nattuvartha korangad