വയനാട്.അവധിദിനങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ താമരശ്ശേരി ചുരത്തിൽ ടോറസ് ലോറികൾ ഉൾപ്പെടെയുള്ള ഭീമൻ ഭാരവാഹനങ്ങൾക്ക് വീണ്ടും നിയന്ത്രണം വരുന്നു. അടുത്തദിവസം യോഗംചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. അവധിദിവസങ്ങളിൽ പകൽസമയത് നിയന്ത്രണംകൊണ്ടുവരാനാണ് ആലോചിക്കുന്നത്. വൈകാതെത്തന്നെ തീരുമാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരക്കുള്ള സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് പ്രവേശന നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശം കോഴിക്കോട് ജില്ലാഭരണകൂടത്തിന് മുന്നിൽ വെക്കുമെന്ന് വയനാട് കളക്ടർ ഡോ. അരാക്കും വ്യക്തമാക്കി. ഇങ്ങനെയൊരു പ്രപ്പോസൽ നേരത്തേ നൽകിയതാണ്.
കഴിഞ്ഞദിവസം യാത്രക്കാർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ട് വലിയ ദുരിതമനുഭവിച്ച സാഹചര്യത്തിലാണ് വീണ്ടും മുൻകൈയെടുക്കുന്നത്. വൈകീട്ട് നാലുമണിക്കുശേഷമാണ് ചുരത്തിൽ വലിയ തിരക്കനുഭവപ്പെടുന്നത്, ആ കുറച്ചുസമയത്തേക്കാണ് നിയന്ത്രണമാവശ്യപ്പെടുക. വയനാട്ടിലേക്ക് ബദൽറോഡ് യാഥാർഥ്യമാവുന്നതുവരെ ഈ നിയന്ത്രണം തുടരണമെന്നും അണുരാജ് പറഞ്ഞു.
10 ചക്രത്തിലധികം വലുപ്പമുള്ള ചരക്കുവാഹനങ്ങളാണ് പലപ്പോഴും ചുരത്തിലെ വളവുകളിൽ ആക്സിൽപൊട്ടിയും മറ്റും വഴിമുടക്കുന്നത്. അമിതഭാരം കയറ്റിയ ലോറികൾ പലപ്പോഴും മറിയാറുമുണ്ട്. മരത്തടിയുമായി വരുന്ന നീളംകൂടിയ വാഹനങ്ങൾ ചുരത്തിന്റെ പാർശ്വഭിത്തിയിൽ തട്ടിനിന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിക്കാറുണ്ട്.
കഴിഞ്ഞ ഞായറാഴ്ച എട്ടാംവളവിൽ ചരക്കുലോറി യന്ത്രത്തകരാറിനെതുടർന്ന് കുടുങ്ങിയതാണ് മണിക്കൂറുകളുടെ ഗതാഗതക്കുരുക്കിന് കാരണമായത്. നവരാത്രി അവധി ആഘോഷിക്കാനെത്തിയവർ കുടിവെള്ളംപോലുമില്ലാതെ ചുരത്തിൽ കുടുങ്ങിക്കിടന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തകരാറായ ലോറിയുടെ യന്ത്രത്തകരാർ പരിഹരിച്ചത് രാത്രി ഏഴരയോടെയാണ്. ഇത്തരം സംഭവങ്ങൾ പലപ്പോഴും ചുരത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്. നേരത്തേ വലിയ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കുകയും ചെയ്തിരുന്നു.