ഇന്ന് ലോക മാനസികാരോഗ്യ ദിനം. വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തിന്റെ നേതൃത്വത്തിൽ 1992-ലാണ് ഇത് ആദ്യമായി ആഘോഷിച്ചത്. ശരീരത്തിൻറെ ആരോഗ്യം പോലെതന്നെ മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ് എന്നാൽ കൂടുതൽ ആളുകളും ശ്രദ്ധിക്കാത്തതും നിസ്സാരവൽക്കരിക്കുന്നതുമാണ് മാനസികാരോഗ്യം. എന്നാൽ മനുഷ്യരുടെ ഭൂരിഭാഗം രോഗങ്ങൾക്കും കാരണമാകുന്നത് മാനസികാരോഗ്യമില്ലാത്തതാണ്.
മനസ്സിന് സന്തോഷം കൈവരിക്കാനും ഊർജ്ജവും ധൈര്യവും സംഭരിക്കാനും ഒരോ വ്യക്തിയും ശ്രമിക്കുക തന്നെ വേണം. മറ്റുള്ള ആളുകളിൽ നിന്നും സന്തോഷം ലഭിക്കണം എന്ന ചിന്തയിൽ കാര്യമില്ല. നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ കണ്ടെത്തി ദിവസവും അല്പനേരം എങ്കിലും അതിൽ വ്യാപൃതരാവുക, ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാനും, അധിക ബാധ്യതകൾ ഏറ്റെടുക്കാതിരിക്കാനും കഴിയേണ്ടതുണ്ട്.
ജീവിതത്തിൽ ദിനേനെ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും ഒളിച്ചോടിയതുകൊണ്ടോ പരിഹാരം കാണാതിരിക്കുന്നത് കൊണ്ടോ കാര്യമില്ല. അത്തരം പ്രശ്നങ്ങൾ നേരിടുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. വ്യക്തികൾ തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽക്കാലം നീട്ടി വെക്കാതെ സംസാരിച്ചു തീർക്കുക. ശ്രമിച്ചിട്ടും തീരാത്ത പ്രശ്നങ്ങളിൽ എൻറെ പരമാവധി ശ്രമം നടത്തി എന്ന ബോധ്യത്തോടെ ഇരിക്കുക.
അതേപോലെതന്നെ മാനസികാരോഗ്യം ഉണ്ടാകുന്നതിന് പ്രധാനമായ ഒന്നാണ് ഇഷ്ടപ്പെട്ട ജോലി, ബിസിനസ് തെരഞ്ഞെടുക്കുക എന്നത്. നമുക്ക് ഇഷ്ടമില്ലാത്തതും മറ്റുള്ളവരുടെ സമ്മർദ്ദ ഫലമായോ ജോലിയോ ബിസിനസോ തെരഞ്ഞെടുക്കരുത്. സ്വന്തം ഇഷ്ടത്തിനും പാഷനും യോജിച്ച രീതിയിലുള്ള ജോലികൾ കണ്ടെത്തണം. കൂട്ടുകാരെയും ജീവിതപങ്കാളികളെയും കണ്ടെത്തുമ്പോൾ എൻറെ സന്തോഷങ്ങളെയും കുറവുകളെയും ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യാൻ കഴിയുന്ന വ്യക്തികളെ നോക്കി വേണം സെലക്ട് ചെയ്യാം.
മാനസികാരോഗ്യത്തിന് മറ്റെല്ലാ കാര്യങ്ങളെക്കാളും മുഖ്യ പരിഗണന നൽകിക്കൊണ്ട് ജീവിതം സന്തോഷകരമാക്കുക. എല്ലാ ദിവസവും നമ്മുടെ സന്തോഷത്തെ പറ്റി ചിന്തിക്കുക. ചിലർക്ക് യാത്രകൾ ആകാം ചിലർക്ക് വായന ചിലർക്ക് വ്യത്യസ്തമായ ഭക്ഷണങ്ങൾ ചിലർക്ക് സിനിമ അങ്ങനെ വ്യത്യസ്തമായ ഇഷ്ടങ്ങളാണ് ഓരോരുത്തർക്കും ഉണ്ടാവുക. നിങ്ങളുടെ ഇഷ്ടങ്ങൾ കണ്ടെത്തി കൂടുതൽ സമയം അതിനായി വേണ്ടി മാറ്റിവെക്കുക.