സ്ഥാപനവും പൊല്യൂഷൻ കൺട്രോൾ ബോർഡും ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട്ദുർഗന്ധവും വായുമലിനീകരണവും തടയുന്നതിന് നടപടി സ്വീകരിച്ചില്ല
പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പാലിച്ചില്ല
ഗ്രാമ പഞ്ചായത്ത് നൽകിയ നോട്ടീസുകൾക്ക് മറുപടിയില്ല
ഗ്രാമ പഞ്ചായത്തിന്റെ കത്തിന് പൊല്യൂഷൻ കൺട്രോൾ ബോർഡിനും മൗനം
റിപ്പോർട്ടിലെ പരാമർശങ്ങൾ ഗൗരവ തരമെന്നും ഈ ജനകീയ വിഷയത്തിൽ നിന്ന് പിറകോട്ടില്ലെന്നും മുസ്ലിം ലീഗ്
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് ഒമ്പതാം വാർഡിലെ 298 B നമ്പർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുയരുന്ന അതിരൂക്ഷമായ ദുർഗന്ധവും വായുമലിനീകരണവും തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതർ നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഫ്രഷ് കട്ട് പ്രശ്നപരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് പുറത്ത്. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി എം. സുൽഫിക്കർ ഫ്രഷ് കട്ടിലെ ദുർഗന്ധം തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന്, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട പ്രകാരം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 18.03.2023 ന് നൽകിയ റിപ്പോർട്ടിലാണ് ഫ്രഷ് കട്ട് എന്ന സ്ഥാപനത്തിനെതിരെ ഗുരുതരമായ വിവരങ്ങൾ പുറത്തുവരുന്നത്.
ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചതോടെ അതിശക്തമായ ദുർഗന്ധം ഉയരുന്നതായും, ഇത് വായു മലിനീകരണത്തിനും, ശ്വാസ തടസ്സമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു.. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അധികൃതർ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റിന് നിരവധി തവണ നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രശ്നപരിഹാരത്തിനായി നിരവധി മധ്യസ്ഥ ശ്രമങ്ങൾ നടന്നുവെന്നും, ഈ യോഗങ്ങളിലെല്ലാം പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് ഫ്രഷ് കട്ട് സ്ഥാപന അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കട്ടിപ്പാറ, കോടഞ്ചേരി, താമരശ്ശേരി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ സംയുക്തമായി DLFMC ചെയർമാൻ കൂടിയായ ജില്ലാ കലക്ടറെ 11/5 /2022ന് കാണുകയും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. ജില്ലാ കലക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്തമായി ഫ്രഷ് കട്ടിൽ പരിശോധന നടത്തുകയും വിശദമായ റിപ്പോർട്ട് നൽകുകയും ചെയ്തു. പ്രസ്തുത റിപ്പോർട്ടിൽ സ്ഥാപനത്തിന്റെ ETP യും ബയോ ഫിൽട്ടറും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നും സമീപപ്രദേശങ്ങളിൽ രൂക്ഷദുർഗന്ധം അനുഭവപ്പെട്ടു എന്നും ബയോ ഫിൽട്ടറിന്റെ സക്ഷൻ ഡക്റ്റ് എല്ലാം ദ്രവിച്ച അവസ്ഥയിലാണെന്നും പറയുന്നു. മേൽപ്പറഞ്ഞ അപാകതകൾ എല്ലാം പരിഹരിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ റിപ്പോർട്ട് ചെയ്യണമെന്നും സ്ഥാപനത്തിലെ സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ തൃപ്തികരവും നിയമാനുസൃതവുമാണെന്നുള്ള രേഖ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് 01/ 10/ 2022, 14/12 /2022 തീയതികളിൽ ഗ്രാമപഞ്ചായത്ത് അധികൃതർ ഫ്രഷ് കട്ടിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അപ്രകാരം അപാകതകൾ പരിഹരിച്ചതായി കാണിച്ച് സ്ഥാപനം ഗ്രാമപഞ്ചായത്തിനെ ഇതുവരെ അറിയിച്ചിട്ടില്ല.
കൂടാതെ മേൽപ്പറഞ്ഞ സ്ഥാപനത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധത്തിന്റെ രൂക്ഷത വളരെയേറെ വർധിച്ചതായി വ്യാപകമായ രീതിയിൽ പരാതികൾ തുടരുന്നതിനാലും, വായു മലിനീകരണം മൂലം സമീപവാസികൾക്ക് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായുമുള്ള പരാതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന വിഷയത്തിൽ നിർദ്ദേശം നൽകുന്നതിനായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന് 01/10/22 ന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് കത്ത് നൽകിയിരുന്നു. എന്നാൽ PCB നാളിതുവരെ ഇതിന് മറുപടി നൽകിയിട്ടില്ല. അത് കൊണ്ട് ഇതേ വിഷയത്തിൽ 13.03.23 ന് ഗ്രാമപഞ്ചായത്ത് വീണ്ടും മലിനീകരണ നിയന്ത്രണ ബോർഡിന് കത്തയച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ച കാര്യങ്ങൾ ഗൗരവതരമാണെന്നും കമ്പനി അധികൃതരുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ഭാഗത്തു നിന്നുണ്ടായത് നീതീകരിക്കാനാവാത്ത വീഴ്ചയാണെന്നും താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. ഒരു നാടിനെ ഒന്നടങ്കം കബളിപ്പിച്ചു കൊണ്ട് മുന്നോട്ടുപോകാമെന്ന് ആരും കരുതരുത്. പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതർ നിരവധി തവണ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. രൂക്ഷമായ ദുർഗന്ധവും വായു, ജല മലിനീകരണവും കൊണ്ട് ജനങ്ങൾ ഒന്നടങ്കം പൊറുതി മുട്ടിയിരിക്കുകയാണ്. നാട് ദുരിതത്തിലായ ഈ പ്രശ്നത്തിന് പരിഹാരം കാണാതെ പിറകോട്ട് പോകില്ലെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പു നൽകി.
യോഗത്തിൽ പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എം. സുൽഫിക്കർ സ്വാഗതവും ട്രഷറർ പി.പി ഗഫൂർ നന്ദിയും പറഞ്ഞു. എം. മുഹമ്മദ്, എൻ.പി മുഹമ്മദലി മാസ്റ്റർ, എം.പി സെയ്ത്, മുഹമ്മദ് കുട്ടി തച്ചറക്കൽ, ഷംസീർ എടവലം , സുബൈർ വെഴുപ്പൂർ സംസാരിച്ചു.