മഞ്ചേരി: മലപ്പുറത്തിന്റെ മണ്ണിൽ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. നാടകീയതകൾ ഒരുപാട് കണ്ട മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് കേരളത്തിന്റെ വിജയം. കേരളം അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ ബംഗാൾ ഒരു കിക്ക് പാഴാക്കി.നിശ്ചിതസമയത്ത് ഇരു ടീമുകളും സമനിലപാലിച്ചതിനെ തുടർന്ന് മത്സരം അധികസമയത്തേക്ക് നീങ്ങിയിരുന്നു. അധികസമയത്തിന്റെ ആദ്യ പകുതിയിൽ ബംഗാളാണ് ആദ്യം വലകുലുക്കിയത്. 107ാം മിനിറ്റിലാണ് കേരളത്തിന്റെ ഹൃദയം തകർത്ത ഗോൾ പിറന്നത്. എന്നാൽ, മലപ്പുറത്തിന്റെ മണ്ണിൽ തോറ്റുകൊടുക്കാൻ കേരളം തയാറായിരുന്നില്ല. ഒടുവിൽ കേരളത്തിന്റെ ശ്രമങ്ങൾ 116ാം മിനിറ്റിൽ ഫലം കണ്ടു.
രണ്ടാം പകുതിയിൽ ഭൂരിപക്ഷം സമയത്തും കളി നിയന്ത്രിച്ചിരുന്നത് കേരളമായിരുന്നു. നിരവധി അതുഗ്രൻ ഗോളവസരങ്ങൾ കേരളത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ, നിർഭാഗ്യം കൊണ്ട് അവയൊന്നും ഗോളായില്ല. മത്സരത്തിന്റെ ഇൻജുറി ടൈമിൽ ലഭിച്ച അവസരം കേരളം പാഴാക്കുക കൂടി ചെയ്തതോടെ സന്തോഷ് ട്രോഫി ഫൈനൽ അധികസമയത്തേക്ക് നീണ്ടു.
മത്സരത്തിന്റെ ആദ്യ പകുതിയിലും ഇരു ടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും നിർണായകമായ ഗോൾ മാത്രം അകന്നു നിന്നു. ബംഗാളും കേരളവും നിരവധി ഗോളവസരങ്ങൾ തുറന്നെടുത്തുവെങ്കിലും വലകുലുക്കാനായില്ല.
മത്സരത്തിന്റെ ആദ്യനിമിഷങ്ങളിൽ ബംഗാളിനായിരുന്നു മേൽക്കൈയെങ്കിലും പിന്നീട് കേരളം പതിയെ താളം വീണ്ടെടുത്തു. 18 മിനിറ്റിൽ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചുവെങ്കിലും ജിജോ ജോസഫിന്റെ ഷോട്ട് ബംഗാൾ ഗോൾകീപ്പറുടെ കൈയിലൊതുങ്ങി. 32ാം മിനിറ്റിലും മികച്ച ഗോളവസരം കേരളം നഷ്ടപ്പെടുത്തി. 37ാം മിനിറ്റിൽ ബംഗാളിന്റെ ഉഗ്രൻ ഷോട്ട് കേരള ഗോൾകീപ്പർ മിഥുൻ സേവ് ചെയ്തു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ലഭിച്ച മികച്ച അവസരവും ബംഗാൾ പാഴാക്കി.
കഴിഞ്ഞ മത്സരത്തിൽ അഞ്ച് ഗോൾ നേടിയ ജെസിനെ ഇത്തവണയും കേരളം ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയില്ല. പിന്നീട് വിഘ്നേഷിനെ പിൻവലിച്ചാണ് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കിയത്.
കേരളത്തിന് ഏഴാം കിരീടം
nattuvartha korangad