തച്ചംപൊയിൽ :തന്റെ മകന്റെ വിവാഹം സാമൂഹ്യ തിന്മക്കെതിരെയുള്ള പോരാട്ടത്തിന്റെയും സാമൂഹ്യ സേവനത്തിന്റെയും വേദിയാക്കി മാറ്റിയിരിക്കുകയാണ് ഒരു പിതാവ്. താമരശ്ശേരി എസ് ബി ഐ യിൽ നിന്ന് ഈയിടെ സർവീസിൽ നിന്ന് വിരമിച്ച തച്ചംപൊയിൽ കിഴക്കേക്കണ്ടിയിൽ അബ്ദുള്ളയാണ് ഈ മാതൃകാ രക്ഷിതാവ്. മകന്റെ വിവാഹത്തിന് തലേന്നാൾ രാത്രിയിൽ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള ആളുകളെ ക്ഷണിച്ചുവരുത്തി പ്രൗഢഗംഭീരമായ ചടങ്ങൊരുക്കി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, നിർധനയും അനാഥയുമായ ഒരു യുവതിയുടെ വിവാഹത്തിന് ആവശ്യമായ സ്വർണ്ണാഭരണങ്ങൾ, തച്ചംപൊയിൽ ശിഹാബ് തങ്ങൾ പെയിൻ ആൻഡ് പാലിയേറ്റീവിന് വീൽചെയർ എന്നിവ നൽകിയുമാണ് അബ്ദുള്ള ഏവർക്കും മാതൃകയായത്. വിവാഹാഘോഷങ്ങൾ പലപ്പോഴും ധൂർത്തിനും ആർഭാടത്തിനും വേദിയാകുന്ന വർത്തമാന കാലത്തിന് മാറി ചിന്തിക്കാനും മാതൃകയാക്കാനും ഉതകുന്ന തരത്തിലുള്ള ചടങ്ങാണ് ഇവിടെ സംഘടിപ്പിക്കപ്പെട്ടത്. മകന്റെ വിവാഹത്തോടെനുബന്ധിച്ചു ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്ന് ആഗ്രഹിച്ച അബ്ദുള്ള സാമൂഹ്യ സേവന രംഗത്ത് സദ്ധീർഥ്യരും സഹപ്രവർത്തകരുമായ സുഹൃത്തുക്കളോട് തന്റെ സ്വപ്നം പങ്കു വെക്കുകയായിരുന്നു.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകൾ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ മാതൃകയിലായിന്നു വേദി. എ കെ അബ്ബാസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി.ശിഹാബ് തങ്ങൾ പെയിൻ ആൻഡ് പാലിയേറ്റിവിനുള്ള വീൽ ചെയർ മുൻ എം എൽ എ.വി എം. ഉമ്മർ മാസ്റ്ററും നിർദ്ധന യുവതിയുടെ വിവാഹത്തിനുള്ള ആഭരണങ്ങൾ പള്ളിപ്പുറം മഹല്ല് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സൈനുൽ അബിദീൻ തങ്ങളും ഏറ്റുവാങ്ങി.സർവീസിൽ നിന്നും വിരമിച്ച അബ്ദുള്ളക്കുള്ള കിഴ ക്കേക്കണ്ടി കുടുംബത്തിന്റെ ഉപഹാരം കുടുംബത്തിലെ മുതിർന്ന കാരണവർ അബ്ദുറഹിമാൻ ഹാജി നൽകി.കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ പി മുഹമ്മദലി മാസ്റ്റർ,എ കെ അബ്ദുൽ ലത്തീഫ്, പാറച്ചാലിൽ പക്കർകുട്ടി മാസ്റ്റർ, കെ കെ ഇബ്രാഹിം മുസല്ലിയാർ,സുലൈമാൻ ബാഖവി,എൻ. കെ കാദർ മാസ്റ്റർ,പി പി ലത്തിഫ് മാസ്റ്റർ, സി പി അബ്ദുൽ കാദർ, കെ കെ ഇക്ബാൽ,പി വി മുഹമ്മദ്, കെ കെ ത്വലഹത്ത്,ഇക്ബാൽ മാസ്റ്റർ പരപ്പൻപോയിൽ,ഷമീർ സഖഫി,ബാരി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുസ്തഫ ഏറക്കൽ സ്വാഗതവും ശംസുദ്ധീൻ കെ കെ നന്ദിയും പറഞ്ഞു.
🌹🌹🌹🌹🌹🌹🌹🌹
തിന്മക്കെതിരെയുള്ള പോരാട്ടത്തിന്റെയും സാമൂഹിക സേവനത്തിന്റെയും വേദിയായി ഒരു വിവാഹാഘോഷം
nattuvartha korangad