എടപ്പാൾ: വിശ്വാസത്തിനും ആചാരത്തിനും ജാതിയും മതവും സ്ഥലവുമൊന്നും പ്രശ്‌നമല്ലെന്നു തെളിയിക്കുകയാണ് അമൃതയും ഗൗതമും. ഇരുവരുടെയും വിവാഹമായിരുന്നു ഞായറാഴ്‌ച. വൈകീട്ട് വിവാഹസത്‌കാരത്തിനെത്തിയവരിൽ ഒട്ടേറെപ്പേർ റംസാൻ വ്രതമെടുത്തവരായിരുന്നു. അതോടെ വിവാഹസത്‌കാരവേദി നോമ്പുതുറയ്ക്കും നമസ്‌കാരത്തിനും വിട്ടുകൊടുത്തു. കല്യാണപ്പന്തൽ സൗഹാർദപ്പന്തലാക്കി ഇരുവരും പുതുജീവിതത്തിലേക്ക് പാദമൂന്നി.
നടുവട്ടം അയിലക്കാട് റോഡിലുള്ള ജയ നിവാസിൽ ഗോപാലകൃഷ്ണന്റെയും
ജയലക്ഷ്മിയുടെയും മകളാണ് അമൃത.
ഒഡിഷ പട്ടപ്പുർ കൈതബേതയിൽ ജനാർദ്ദനൻ മല്ലയുടെയും സരോജിനി മല്ലയുടെയും മകനാണ് ഗൗതം. വൈകുന്നേരം അമൃതയുടെ വീട്ടിലായിരുന്നു സത്‌കാരം. ഇതിനിടയിലാണ് വ്രതമെടുത്ത സഹോദരർക്കായി പന്തലിൽ പെട്ടെന്നുതന്നെ നോമ്പുതുറയൊരുക്കിയത്.
വേദിയിൽ വധൂവരൻമാർ ഇരിക്കുന്ന സ്ഥലത്തുനിന്ന് അവർ അരികിലേക്ക് മാറിനിന്നു. താഴെ പന്തലിലും കുറെപ്പേർ നമസ്‌കരിച്ചു. വധൂവരൻമാർ പ്രാർഥനയോടെ നിന്നു. തുടർന്ന് ഇവർക്ക് വിഭവസമൃദ്ധമായ ഭക്ഷണവും നൽകിയാണ് സത്‌കാരത്തിന് തുടക്കംകുറിച്ചത്.
കല്യാണപന്തൽ നിസ്കാര പന്തലായി. അറിയാം എടപ്പാളിലെ കല്യാണ വിശേഷം
nattuvartha korangad